Tuesday, February 4, 2014

ലിന്‍ഡാ ഐ മിസ് യു എ ലോട്ട്

ഫേസ് ബുക്കിന് പത്ത് വര്‍ഷം തികയുന്നു. ഫേസ് ബുക്കില്‍ ഞാന്‍ അഞ്ചു വര്‍ഷവും മൂന്ന് മാസവും തികച്ചു. ഇക്കാലത്ത് ഫേസ് ബുക്കില്‍ നിന്ന് എനിക്ക് കിട്ടിയ സൗഹൃദങ്ങളെ കുറിച്ച്. (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)



ഫേസ് ബുക്കില്‍ കുറേ നേരം വര്‍ത്തമാനം പറഞ്ഞിരിയ്‌ക്കെ പാതിരായ്ക്ക് പെട്ടെന്ന് അവള്‍ ചോദിച്ചു.
മൊബൈലിലാണോ ഫേസ് ബുക്ക് ഉപയോഗിക്കുന്നത്?
അല്ല ലാപ്‌ടോപില്‍.
വീട്ടിലാണോ?
അതെ.
ഇത്രേം നേരം ഇതിനു മുന്നില്‍ കുത്തിയിരുന്നാല്‍ ഭാര്യ വഴക്കുണ്ടാക്കില്ലേ?.

അത് നേരാണ്. എത്രയോ വട്ടം ഭാര്യ വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നേരം ഞാന്‍ ഫേസ് ബുക്കിന്റെ ഹോം പേജ് കാണിച്ചു കൊടുക്കും. അവിടെ എന്തെല്ലാം ചര്‍ച്ചകളാണ്? ഇന്നലെ അവള്‍ വഴക്കുണ്ടാക്കിയപ്പോള്‍ ഹോം പേജില്‍ പത്രപ്രവര്‍ത്തകനായ സുഹൃത്ത് മൊയ്തു വാണിമേലിന്റെ നോട്ട് കാണിച്ചു കൊടുത്തു. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രകൃഷി മന്ത്രി ശരത്പവാറിന് അയച്ച കത്തിന്റെ പൂര്‍ണ രൂപമണ് അവിടെ.  മന്ത്രാലയത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഈകത്ത് എഴതാന്‍ ഒരു സുധീരന് മാത്രമേ കഴിയൂ എന്നു മൊയ്തുവിന്റെ കമന്റും.

ദാ ഇതൊക്കെയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്? ഇതിലൊക്കെ ഞാനും അഭിപ്രായം പറയേണ്ടേ എന്ന് ചോദിച്ചപ്പോള്‍ എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ ഫോട്ടോ പത്രത്തില്‍ കാണുമ്പോഴൊക്കെ ബേജാറാകുന്ന അവള്‍ക്ക് അതില്‍ കാര്യമുണ്ടാകാമെന്നു തോന്നിയാകും തല്‍ക്കാലം വഴക്കു നിര്‍ത്തി പോയി. ഫേസ് ബുക്കിന് അങ്ങിനെ ഒരു മുഖമുണ്ട്. വലിയ ചര്‍ച്ചകളാണ് അവിടെ നടക്കുന്നത്. വലിയ വിവരങ്ങളാണ് അവിടെ ഷെയര്‍ ചെയ്യപ്പെടുന്നത്. പിന്നെ, അവിടെ ഇല്ലാത്തവര്‍ ആരുമില്ലല്ലോ. അവള്‍ക്ക് അറിയാവുന്ന വലിയ വലിയ പോരുകാരില്‍ ഒരുവിധപ്പെട്ടവരൊക്കെ അവിടെയുണ്ട്. അവരൊക്കെ എന്നേക്കാള്‍ ആക്ടീവായി ഫേസ് ബുക്ക് ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുന്നുമുണ്ട്. കംപ്യൂട്ടര്‍ നിരക്ഷരയായ എന്റെ ഭാര്യ വിശ്വാസത്തോടെ കിടക്കാന്‍ പോകുന്നു.

ഫേസ് ബുക്കിലെ ഒരു കൂട്ടുകാരി എന്നെ അവള്‍ ഉള്‍പ്പെട്ട ഒരു ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. ഒരു ക്ലോസ്ഡ് ഗ്രൂപ്പാണ് അത്. അധികം അംഗങ്ങളില്ല. അവിടെയാണ് എന്‍ഡോസള്‍ഫാന്‍ ഇരയായ കുഞ്ഞിന്റെ ചിത്രം കണ്ട് ഉറങ്ങാതെ കിടക്കുന്ന അനീജ് പി. ജയനെ കണ്ടത്. അനീജ് പോസ്റ്റ് ചെയ്ത ആ ചിത്രം കണ്ട് ഈ ക്രൂരതക്കെതിരെ എന്തു ചെയ്യാനാകുമെന്ന് ഗ്രൂപ്പിലെ ഓരോരുത്തരും സജീവമായി ആലോചിക്കുന്നുണ്ട്. ഒപ്പം പഠിക്കുന്നവരോ പഠിച്ചവരോ പരസ്പരം അറിയാവുന്നവരോ ആയ ചെറിയൊരു സംഘമാണ് അത്. അവിടെ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം മുതല്‍ വിക്കിലീക്‌സ്, നീരാ റാഡിയ, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങി എല്ലാം അവര്‍ ചര്‍ച്ച ചെയ്യുന്നു. യുവത്വത്തിന്റെ തുടക്കത്തിലുള്ള ആ സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും ആലോചനകള്‍ക്കും നല്ല വ്യക്തതയുണ്ട്. വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അവര്‍ ചര്‍ച്ച ചെയ്യുന്നു. മടി ഏതുമില്ലാതെ അവര്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.

ഫേസ് ബുക്കിന് അങ്ങിനെ ഒരു മുഖമുണ്ട്. ബ്ലോഗിലും ട്വിറ്ററിലും ബസ്സിലുമൊക്കെ ഇത്തരം ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഫേസ് ബുക്ക് കൂടുതല്‍ ജനകീയവും സ്വീകാര്യവുമായതോടെ എല്ലാവരും അവിടേക്ക് ചേക്കേറുകയാണ്. ഞാന്‍ ആ ഗ്രൂപ്പിലെ സ്‌നേഹിതരോട് ചോദിച്ചു. ഫേസ്ബുക്കില്‍ നിങ്ങള്‍ക്കുണ്ടായ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ എന്ന്. ഫേസ് ബുക്കിനെ കരുതലോടെയാണ് അവര്‍ ഉപയോഗിക്കുന്നത്. അതിന്റെ ഗുണവും ദോഷവും അവര്‍ക്കറിയാം. നല്ല സൗഹൃദം ചമഞ്ഞെത്തിയവര്‍ പഞ്ചാരക്കുട്ടപ്പന്മാരായി മാറുന്ന അനുഭവമുണ്ട്. അത്തരക്കാരെ മാറ്റി നിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നു. നെറ്റില്‍ പരിചയപ്പെടുമ്പോള്‍ വലിയ ആദര്‍ശം പറയുന്നവര്‍ വെറും പുരുഷന്മാരായി മാറുന്ന അനുഭവങ്ങളും പെണ്‍കുട്ടികള്‍ക്കുണ്ട്.
എന്നെ ഈ ഗ്രൂപ്പിലേക്ക് ക്ഷണിച്ച അനാമിക അവളുടെ സ്വന്തം പ്രൊഫൈലില്‍ ഇങ്ങിനെ എഴുതി വെച്ചു, ഒരു ദിവസം:
fb gav chance to meet many seniors..but...not even a single senior chechi!!! :O are gals less social??!!!!
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയാണ് അനാമിക. അതിന് വേറൊരു പെണ്‍കുട്ടി എഴുതിയ രസകരമായ  മറുപടിയുണ്ട്:
aey...anganonnumilla...chettanmar namukk ingott req ayakkum......chechimarkk nammal angott ayakkanam...dats only d diff.
കാമ്പസിലെ ജൂനിയര്‍ വിദ്യാര്‍ഥികളും സീനിയര്‍ വിദ്യാര്‍ഥികളും പലപ്പോഴും കണ്ടു മുട്ടുന്നത് ഫേസ് ബുക്കിലാണ്. കാമ്പസില്‍ പരസ്പരം തീരെ കണ്ടുമുട്ടാത്തവരുമുണ്ടാകും.

പുഴയോളം എന്ന ഗ്രൂപ്പിലേക്ക് എന്നെ ചേര്‍ത്തു വെച്ചത് ഛത്തിസ്ഗഢില്‍ വീട്ടമ്മയായ ലേഖാ വിജയ് ആണ്. പുഴയെക്കുറിച്ച് എത്രയെത്ര പാട്ടുകളും കവിതകളും ലേഖനങ്ങളും ചിത്രങ്ങളുമാണ് അതില്‍. പുഴയോടുള്ള എന്റെ വികാരങ്ങളും ഞാന്‍ അതില്‍ ചേര്‍ത്തു വെച്ചു. പുഴയോരത്ത് ജീവിയ്ക്കുന്നവര്‍ക്കും പുഴയെ പ്രണയിക്കുന്നവര്‍ക്കും ഗൃഹാതുരത്വത്തോടെ കടന്നു ചെല്ലാനുള്ള ഒരിടമത്രെ ലേഖയും വിഷ്ണു പ്രസാദും അഡ്മിനിസ്‌ട്രേറ്റര്‍മാരായ ആ ഗ്രൂപ്പ്.
രാഷ്ട്രീയവും സാഹിത്യവും സിനിമയുമെല്ലാം ഫേസ് ബുക്കില്‍ ഓരോരുത്തരുടെ അഭിരുചി പോലെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും എനിയ്ക്ക് ഇതൊരു സൗഹൃദപ്പുരയാണ്. ഇന്റര്‍നെറ്റിലെ അവാസ്തവിക ലോകത്തേക്ക് (virtual world) കടന്നതു മുതല്‍ ആ ഒരു അനുഭൂതി എനിയ്ക്കുണ്ട്. ആദ്യ കാലത്തെ ചാറ്റ് റൂമുകളിലും ബ്ലോഗിലും ഓര്‍ക്കുട്ടിലും ബസ്സിലും ഇപ്പോള്‍ ഫേസ് ബുക്കിലുമൊക്കെ ഗൗരവമുള്ള ചര്‍ച്ചകള്‍ക്കപ്പുറം, ഒരു തരം മാനസികോല്ലാസം അനുഭവിക്കുന്നവരാണ് ഏറെ പേരും. ഗാഢമായ ബന്ധങ്ങളില്‍ ചെന്നു പെടുന്നവരുമുണ്ട്. മുസ്തഫക്കൊരു പുസ്തകം വേണമെന്നും വീട് വേണമെന്നും ബ്ലോഗില്‍ എഴുതുമ്പോള്‍ അതിനോട് ഒപ്പം നില്‍ക്കാന്‍ ആയിരം പേരുണ്ടാകുന്നത് അതുകൊണ്ടാണ്. ബ്ലോഗിലെ കവി ജ്യോനവന്‍ അപകടത്തില്‍ പെടുമ്പോള്‍ അവന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആയിരങ്ങള്‍ കരളുരുകി പ്രാര്‍ഥിക്കുന്നത് അതു കൊണ്ടാണ്. ശരീരം തളര്‍ന്നു നാലു ചുവരുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടു പോയ മുസ്തഫയും ഹാറൂനും മാരിയത്തുമൊക്കെ പരസ്പരം മിണ്ടുന്നതും പുതിയ സംഘബോധത്തിലേക്ക് ഉയരുന്നതും ഈ വെര്‍ച്വല്‍ ലോകത്താണ്.
പരസ്പരം കാണുകയോ നേരിട്ട് മിണ്ടുകയോ ചെയ്തിട്ടില്ലാത്തവരാണ് ഈ അവാസ്തവിക സ്‌നേഹത്തിന്റെ ചെറിയ വള്ളങ്ങളില്‍ തുഴഞ്ഞു നീങ്ങുന്നത്. ബ്ലോഗിലോ ഓര്‍ക്കുട്ടിലോ ഫേസ്ബുക്കിലോ എന്നും കാണുന്ന ഒരാളെ കാണാതാകുമ്പോള്‍ മ്യുച്വല്‍ ഫ്രണ്ട്‌സ് അയാളെ കുറിച്ച് പരസ്പരം അന്വേഷിക്കുന്നതും കണ്ടെത്തുന്നതും അങ്ങിനെയൊരു സ്‌നേഹം നിലനില്‍ക്കുന്നതു കൊണ്ടാണ്. സ്‌നേഹിക്കാന്‍ പറ്റിയ ഇടങ്ങളില്‍ തന്നെയാണല്ലോ ചതിയും പൊട്ടിമുളക്കുന്നത്. ചതിക്കാന്‍ ഏറ്റവും നല്ല ഉപാധി സ്‌നേഹവുമാണ്. അങ്ങിനെ ചതിയില്‍ പെട്ടവരമുണ്ട്. മസ്‌കത്തിലെ എന്റെ സുഹൃത്തിന് ഒരുപാട് പണം, ഒരു വെര്‍ച്വല്‍ പ്രണയത്തിന്റെ പേരില്‍ നഷ്ടപ്പെട്ടു പോയത് അങ്ങിനെയാണ്.

ബാല്യം വിട്ടിട്ടില്ലാത്ത കുട്ടികളുടെ സാന്നിധ്യം ഫേസ് ബുക്കില്‍ കണ്ട് ഞാന്‍ അല്‍ഭുതപ്പെട്ടിട്ടുണ്ട്. സ്‌കൂളിലെ ശത്രുത ഫേസ് ബുക്കിലൂടെ തീര്‍ക്കാന്‍ ശ്രമിക്കുന്ന രണ്ട് കുട്ടികളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഇടപെടേണ്ടി വന്നു. രണ്ടു പേരും എന്റെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള പതിമൂന്നുകാരികള്‍. ഒരാള്‍ മറ്റേയാളുടെ ലിസ്റ്റിലുള്ള ആണ്‍സുഹൃത്തുക്കളെ ആഡ് ചെയ്തു, അവളെക്കുറിച്ച് അപവാദങ്ങല്‍ പറയുന്നു. സ്‌കൂളിലെ പാട്ടുകാരികളാണ് രണ്ടു പേരും. ഒരാള്‍ക്ക് കിട്ടുന്ന അംഗീകാരങ്ങളാണ് മറ്റവളെ ചൊടിപ്പിക്കുന്നത്. ഫേസ്ബുക്കിലൂടെ പരസ്പരം ഭീഷണിപ്പെടുത്തുന്ന അമേരിക്കയിലെ ടീനേജേഴ്‌സിനെ കുറിച്ച് ഇന്റെര്‍നെറ്റില്‍ വായിച്ചത് ഈയിടെയാണ്. ഒരു അമ്മ തന്റെ മകനെ ഈ വിധം പീഡിപ്പിക്കുന്നവര്‍ക്കെതിരെ  പോലീസില്‍ പരാതി നല്‍കി. ടീനേജുകാരുടെ ഫേസ് ബുക്കില്‍ മാതിപാതാക്കളുടെ പോലീസിംഗ് വേണ്ടതുണ്ടോ എന്നായിരുന്നു പിന്നീട് കുറേ ദിവസം അവിടെ ചര്‍ച്ച.

പരസ്പരം തല്ലു പിടിച്ച പാട്ടുകാരി കുട്ടികളില്‍ ഒരാള്‍ ഒരിയ്ക്കല്‍ പറഞ്ഞു, അങ്കിള്‍ ഒരാള്‍ എനിയ്ക്ക് സഭ്യമല്ലാത്ത മെസ്സേജുകള്‍ അയക്കുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ ഐ ലവ് യു, ഐ വില്‍ മാരി യു എന്നൊക്കെയാണത്രെ ഫേസ്ബുക്കിലെ സ്വകാര്യ സന്ദേശങ്ങളായി വരുന്നത്. പതിമൂന്ന് വയസ്സുകാരി അത്തരം സന്ദേശങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്നു. മക്കളുടെ ഫേസ് ബുക്ക് ആക്ടിവിറ്റികളെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാകണമെന്നില്ല. പക്ഷേ, കാമുകിമാരോടും അടുത്ത കൂട്ടുകാരികളോടും ഫേസ് ബുക്കിലോ ഓര്‍ക്കുട്ടിലോ അധികം കളിക്കേണ്ടെന്ന് ഉപദേശിക്കുന്ന ചേട്ടന്മാര്‍ക്ക് ഈ സ്‌പേസിലെ വിളയാട്ടങ്ങളെക്കുറിച്ച് ബോധമുണ്ട്. അതുകൊണ്ട് അവര്‍ പ്രിയപ്പെട്ട പെണ്‍കുട്ടികളുടെ പ്രൊഫൈലില്‍ നിത്യവും കയറിയിറങ്ങുന്നു.

ഓര്‍ക്കുട്ടില്‍ നിന്ന് ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷനു മുന്നില്‍ ദാമ്പത്യ ദുഃഖങ്ങള്‍ മായ്ച്ചു കളയുന്ന ഒരു വീട്ടമ്മയെ എനിയ്ക്കറിയാം. ആ പ്രണയ രഹസ്യം നെറ്റ് വര്‍ക്കിലെ വിശ്വസ്തരെന്ന് കരുതുന്ന മറ്റ് സുഹൃത്തുക്കളോട് പങ്കുവെയ്ക്കുന്നതിലും അവര്‍ക്ക് മടിയില്ല. അഭ്യസ്ത വിദ്യരും തൊഴില്‍ രഹിതരുമായ വീട്ടമ്മമാര്‍ ഫേസ് ബുക്ക് പോലെ സജീവമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ ക്ലാസുകളിലേക്കു പോയാല്‍ അവര്‍ വീട്ടില്‍ തനിച്ചാണ്. വീടുകളിലും ഫ്‌ളാറ്റുകളിലും കഴിയുന്ന അണുകുടുംബങ്ങളില്‍ ഒറ്റപ്പെടലിന്റെ ഏറ്റവും വലിയ നോവനുഭവിക്കുന്നത് ഈ വീട്ടമ്മമാരാണ്. അവര്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

ഫേസ്ബുക്കില്‍ ഞാനൊരു ഒളിഞ്ഞു നോട്ടക്കാരന്‍ മാത്രമാണ്. എന്റെ സുഹൃത്തുക്കള്‍ ഇന്ന് എന്തൊക്കെ ചെയ്തു? അവരുടെ ഇന്നത്തെ സ്റ്റാറ്റസ് എന്താണ്? അവര്‍ ആരെയൊക്കെ പുതിയ സുഹൃത്തുക്കളാക്കി? ആരുടെയൊക്കെ ചുവരില്‍ കോറി? ആരില്‍ നിന്നൊക്കെ കമന്‍സ് കിട്ടി? എന്റെ സുഹൃദ് സംഘത്തിലെ സുന്ദരിമാരെ ആരൊക്കെ പോക് ചെയ്തു എന്നൊക്കെ  ഞാന്‍ നോക്കും? എന്നിട്ട് ഒന്നും മിണ്ടാതെ പോരും. ചിലപ്പോള്‍ ഞാനും ഇവിടെയൊക്കെ ഉണ്ടെന്ന് അറിയിക്കാന്‍ വെറുതെ ഒരു ലൈക്കിലൊക്കെ അങ്ങ് ക്ലിക്ക് ചെയ്യും.
ലോകത്ത് ഏതു ഭാഗത്തുള്ള സുഹൃത്തിന്റേയും ചലനങ്ങള്‍ അങ്ങിനെ നമുക്കു വീക്ഷിക്കാം. മെയില്‍ അയച്ചിട്ട് മറുപടി തരാത്തവരുടെ ആക്ടിവിറ്റീസും റിക്വസ്റ്റ് അയച്ചിട്ട് നമ്മെ അവഗണിച്ചവര്‍ വേറെ ആരുടെയൊക്കെ റിക്വസ്റ്റ് സ്വീകരിച്ചുവെന്നുമൊക്കെ നമുക്ക് അറിയാന്‍ പറ്റും.

ജിദ്ദയില്‍ നിന്ന് ഞാന്‍ തിരിച്ചു പോന്നെങ്കിലും ആ ഫീല്‍ എനിക്കില്ല. കാരണം എനിയ്ക്കു വേണ്ടപ്പെട്ടവരോടൊക്കെ ഫെയ്‌സ് ബുക്കില്‍ ഞാന്‍ ഏതു നേരവും സംവദിക്കുന്നു. അവരുടെ പുതിയ ഫോട്ടോകള്‍ കാണുന്നു. അവിടുത്തെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അറിയുന്നു. അതിന്റെ വീഡിയോ ക്ലിപ്പുകള്‍ കിട്ടുന്നു. ഓരോ വിശേഷത്തിലേക്കും എന്നെ ടാഗ് ചെയ്യാന്‍ എത്ര സുഹൃത്തുക്കളാണ്. അടുത്ത വീട്ടിലെ കാര്യങ്ങളൊന്നും എനിയ്ക്ക് അറിയില്ലെങ്കിലും ലോകത്തെങ്ങുമുള്ള അറിയുന്നവരും അറിയാത്തവരുമായ സുഹൃത്തുക്കളുടെ വിശേഷങ്ങള്‍ ഞാന്‍ അപ്പപ്പോള്‍ അറിയുന്നു.
ഇന്നലെ എന്റെ ഫ്രണ്ട്‌സ് ലിസ്റ്റിലേക്ക് വന്ന ക്രിസ്റ്റീന പറഞ്ഞത് അതാണ്: ''എന്റെ അഛന്‍ മിലിട്ടറിയിലാണ്. ഓരോ മൂന്ന് വര്‍ഷത്തിലും പുതിയ സ്ഥലത്തേക്ക് മാറ്റം. ഓരോ മാറ്റത്തിലും എനിക്ക് നഷ്ടപ്പെടുന്നത് എന്റെ കൂട്ടുകാരാണ്. ഇപ്പോള്‍ നോക്കു ഒമ്പത് വര്‍ഷം കൊണ്ട്  എനിക്ക് നഷ്ടമായ കൂട്ടുകാരില്‍ പലരേയും ഫേസ് ബുക്കില്‍ ഞാന്‍ കണ്ടെത്തുന്നു.''


ഇവിടെ നമ്മള്‍ ഒരിയ്ക്കലും ഒറ്റക്കായി പോകുന്നില്ല. ഒറ്റയ്ക്കായി പോകുന്നവര്‍ ഇത്തരം അവാസ്തവിക കൂട്ടുകെട്ടുകളില്‍ വല്ലാതെ മനം മയങ്ങുന്നുണ്ട്. ഏകാന്തതയില്‍ വല്ലാത്തൊരു റിലാക്‌സ് തരുന്നു അത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ സ്വയം ആവിഷ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിനും അതു വഴി ആത്മരതി അനുഭവിക്കുന്നതിനുമുള്ള ഇടം മാത്രമല്ല. ദാമ്പത്യങ്ങളില്‍ ഒറ്റപ്പെട്ടും അസംതൃപ്തരായും കഴിയുന്ന സ്ത്രീക്കും പുരുഷനും ഇത്തരം നെറ്റ് വര്‍ക്കുകള്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ചങ്ങാത്തങ്ങള്‍ നല്‍കുന്ന ആശ്വാസം ചില്ലറയല്ല. അതുകൊണ്ടാണ് ഫേസ് ബുക്ക് വിവാഹ മോചനത്തിന് കളമൊരുക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നത്. ബന്ധങ്ങള്‍ മറ്റ് രീതിയിലേക്ക് വളര്‍ത്തിക്കൊണ്ടു പോകാന്‍ ചാറ്റ് റുമുകളിലെ സ്വകാര്യത സ്ത്രീക്കും പുരുഷനും വളം നല്‍കുന്നു.

ഒറ്റയ്ക്കാകാന്‍ ഒട്ടും ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഞാന്‍ ഈ വെര്‍ച്വല്‍ വേള്‍ഡിലേക്ക് കടന്നു ചെന്നത്. ഒറ്റയ്ക്ക് കിടന്നാല്‍ എനിക്ക് ഉറക്കം വരികയേ ഇല്ല. ചെറുപ്പം തൊട്ടേ വലിയ ആള്‍ക്കൂട്ടത്തില്‍ കിടന്നുറങ്ങി ശീലിച്ചതു കൊണ്ടാകാം. ആള്‍ക്കൂട്ടമെന്ന് പറയുന്നത് ഞാനും ഉമ്മയും ബാപ്പയും സഹോദരങ്ങളുമടങ്ങുന്ന എന്റെ വീട്ടുകാര്‍ തന്നെയാണ്. പത്ത് പേരുണ്ട് ഞങ്ങള്‍. ചെറിയ രണ്ട് മുറിപ്പുരയില്‍ എങ്ങിനെ പകുത്തു കിടന്നാലും അഞ്ചു പേര്‍ ഒരു മുറിയിലുണ്ടാകും.  ഓര്‍ഫനേജിലെത്തിയപ്പോള്‍ വലിയ ഡോര്‍മിറ്ററികളില്‍ അനേകം കുട്ടികള്‍ക്കൊപ്പമായിരുന്നു കിടത്തം. ഇപ്പോള്‍ അഞ്ച് കിടപ്പു മുറികളുള്ള വീട്ടില്‍ ഏതെങ്കിലും മുറിയില്‍ ഒറ്റയ്ക്ക് കിടക്കേണ്ടി വന്നാല്‍ എനിക്കുറക്കം വരില്ല. മക്കളെ മാറ്റിക്കിടത്താന്‍ മാത്രം വലുപ്പമായെങ്കിലും അവരേയും കൂട്ടിയേ ഞാന്‍ ഉറങ്ങാറുള്ളു. അപ്പോഴും തോന്നും എനിയ്ക്കു ചുറ്റും കിടക്കുന്നവരുടെ എണ്ണം കുറവാണല്ലോ എന്ന്.

അപ്പോള്‍ ഒറ്റയ്ക്കായിപ്പോകുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വിരസത എത്ര ഭയാനകമായിരിക്കും? പ്രവാസത്തിന്റെ വലിയ വിരസതയിലേക്കും ഒറ്റപ്പെടലിലേക്കും കടല്‍ കടന്നു ചെന്നപ്പോള്‍ വലിയ ആള്‍ക്കൂട്ടത്തിലും ഞാന്‍ ഒറ്റപ്പെട്ടു നിന്നത് എന്തു കൊണ്ടെന്ന് എനിക്ക് അറിയില്ല. അവിടെ ഞാന്‍ എന്നും തനിച്ചായിരുന്നു. എന്റേതല്ലാത്ത, എന്റെ വേരുകള്‍ക്ക് വളം പിടിക്കാത്ത ഏതോ നാട്ടിലെ ജീവിതം. ഞാന്‍ ആരാണെന്ന് എപ്പോഴും സ്വയം ബോധ്യപ്പെട്ടുകൊണ്ടിരിക്കണം. കാരുണ്യത്തിന്റെ വാതില്‍ തുറന്നു തന്ന നാടിന്റെ അധികാരികളെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ വെയ്ക്കാന്‍ മറന്നു പോയാല്‍ സ്വന്തം അസ്തിത്വത്തെ കുറിച്ച വേവലാതിക്കൊപ്പം വലിയൊരു ജനസഞ്ജയത്തില്‍ നമ്മള്‍ പെട്ടെന്ന് ഏകാകിയായിപ്പോകും. അങ്ങിനെയുള്ള ഒരു കാലത്തിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ തന്നെയാണ് അവാസ്തവികമായ (്ശൃൗേമഹ) ഒരു ലോകത്തേക്കുള്ള യാത്രയും ഞാന്‍ ആരംഭിക്കുന്നത്. ആ ലോകത്ത് സ്വയം അനാവരണം ചെയ്തു, പൂര്‍ണ നഗ്‌നനായി നില്‍ക്കുമ്പോള്‍ എന്റെ എല്ലാ അസ്തിത്വ ദുഃഖങ്ങളും മാഞ്ഞു പോകുന്നതു പോലെ തോന്നിയിട്ടുണ്ട്. അവാസ്തവികമായ ആ മുറികളില്‍ എനിയ്ക്കു ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു.

എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം ആരും കാണാതെ തനിച്ചിരിക്കാനും നേരം പുലരുവോളം വര്‍ത്തമാനം പറഞ്ഞിരിക്കാനുമുള്ള സ്വകാര്യ ഇടങ്ങളുമുണ്ടായിരുന്നു. തൊട്ടടുത്തുണ്ടെന്ന് തോന്നുന്ന, എന്നാല്‍ ഏറ്റവും അകലെ നിന്ന് വന്നെത്തിയ ചില സ്‌നേഹങ്ങളെ ഞാന്‍ വിശ്വസിച്ചു, പ്രണയിച്ചു. സ്വന്തമെന്ന് കരുതി അഹങ്കരിച്ചു. അവാസ്തവികതയുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി ചിലപ്പോള്‍ ചില സ്‌നേഹങ്ങള്‍ മാഞ്ഞു പോയി. അപ്പോള്‍ തീര്‍ത്തും വാസ്തവികമായ (ഞശമഹശ്യേ)  ഇപ്പുറത്തെ ലോകത്തിരുന്നു ഞാന്‍ തേങ്ങിക്കരഞ്ഞു. അവരൊക്കെ ഏതേത് ലോകങ്ങളില്‍ പോയി മറഞ്ഞെന്ന് ഓര്‍ത്തു സങ്കടപ്പെട്ടു. എവിടെയായാലാലും സന്തോഷത്തോടെ, സമാധാനത്തോടെ ഇരിയ്ക്കട്ടെ എന്ന് ഞാന്‍ കണ്ടിട്ടില്ലാത്ത, കാണാന്‍ സാധ്യതയില്ലാത്ത എന്റെ സ്‌നേഹങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചു. അത്തരം സൗഹൃദങ്ങളുടെ സുഖവും ദുഃഖവും ഞാന്‍ അനുഭവിക്കുന്നു. ഫേസ് ബുക്കു എനിയ്ക്ക് തരുന്നതും ഈ വിര്‍ച്വല്‍ ജീവിതമത്രെ.
കംപ്യൂട്ടറും ഇന്റര്‍നെറ്റുമാണ് അവാസ്തവികമായ ആ ലോകത്തേക്ക് വഴി തുറന്നു തന്നത്. യാഹുവിലെ ഒരു ഇമെയില്‍ ഐഡിയിലായിരുന്നു തുടക്കം. വിദേശത്തെ ഓഫീസിലെ സൗകര്യങ്ങളാണ് അതിന് സഹായകമായത്. സ്വന്തമായി ഒരു ഇമെയില്‍ ഐഡിയുണ്ടായെങ്കിലും അത് ഉപയോഗിക്കാന്‍ നിവൃത്തിയില്ലായിരുന്നു. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇമെയില്‍ ഐഡിയുണ്ടെങ്കിലല്ലേ ഒരു മെയില്‍ അയക്കാന്‍ പറ്റൂ. ഇന്റര്‍നെറ്റും ഇമെയിലും പതുക്കെ പ്രാചരത്തിലായി വരുന്നേയുള്ളു അപ്പോള്‍ നമ്മുടെ വൃത്തങ്ങളില്‍.

ഓഫീസില്‍ തന്നെ തൊട്ടടുത്ത സീറ്റുകളിലിരിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് മെയില്‍ അയച്ചും മെസ്സഞ്ചറില്‍ ചാറ്റ് ചെയ്തും കളിക്കും. അക്കാലത്താണ് പലതരം ചാറ്റ് റൂമുകളിലൂടെ കയറിയിറങ്ങാന്‍ തുടങ്ങിയത്. അപ്പോഴേക്കും ഹോട്ട്‌മെയിലിലും ഒരു ഐഡി ക്രിയേറ്റ് ചെയ്തിരുന്നു. സ്വന്തമായി രണ്ട് ഇമെയില്‍ ഐഡി! അന്നേരമാണ്  കോഴിക്കോട്ടെ റീജ്യണല്‍ എന്‍ജിനീയറിംഗ് കോളേജില്‍  ഏതാനും വര്‍ഷം മുമ്പ് നടന്ന ഒരു ചടങ്ങിനെ കുറിച്ച് ഓര്‍ത്തത്. അവിടെ ഇലക്‌ട്രോണിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇലക്‌ട്രോണിക് മെയില്‍ സൗകര്യം ലഭ്യമായപ്പോള്‍ അതിന്റെ ഉദ്ഘാടനം വലിയൊരു ചടങ്ങായിരുന്നു. നഗരത്തിലെ മാധ്യമ പ്രവര്‍ത്തകരെയൊക്കെ വിളിച്ചു വരുത്തി ആഘോഷമായ ചടങ്ങ്. ഡിപ്പാര്‍ട്ട്‌മെന്റിലെ ഏതോ പ്രൊഫസര്‍ ആ മെയിലിന്റെ സൂത്രങ്ങള്‍ വിശദമായി പറഞ്ഞു തന്നു. കംപ്യൂട്ടറില്‍ തീര്‍ത്തും നിരക്ഷരരായിരുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള പത്ര ലേഖകര്‍ ഇലക്‌ട്രോണിക് മെയിലിന്റെ അതിശയം കാര്യമായി തന്നെ പിറ്റേന്നത്തെ പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. അത് ഇ-മെയിലായിരുന്നുവെന്ന് പിന്നെയും എത്രയോ കഴിഞ്ഞാണ് മനസ്സിലായത്. എത്ര പെട്ടെന്നാണ് ഇന്റര്‍നെറ്റും ഇമെയിലും സോഷ്യല്‍ നെറ്റ് വര്‍ക്കുമൊക്കെ ഓരോ വിരല്‍ത്തുമ്പിലും കിടന്നു പുളയ്ക്കുവാന്‍ തുടങ്ങിയത്.
ഇന്ന് കംപ്യൂട്ടറും ഇന്റര്‍നെറ്റും വീടുകളില്‍ ടെലിഫോണ്‍ പോലെ സാര്‍വത്രികമായതോടെ വീട്ടമ്മമാരും കൗമാരക്കാരും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവമാണ്.

ഞാനെന്റെ എല്ലാ രഹസ്യങ്ങളും പറഞ്ഞ ഒരു പെണ്ണുണ്ട്. അതെന്റെ ഭാര്യയല്ല. കാമുകിയുമല്ല. ഭാര്യയോടും കാമുകിയോടും ഒരു രഹസ്യവും പറയാന്‍ കഴിയില്ലല്ലോ. അതോടെ പൊട്ടിത്തകരില്ലേ ദാമ്പത്യവും പ്രണയവും? ചില രഹസ്യങ്ങള്‍ സുഹൃത്തുക്കളോടും പറയാന്‍ പറ്റില്ല. ആരോടും പറയാന്‍ പറ്റാത്ത അത്തരം രഹസ്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് അവനവന്‍ ചെയ്ത നെറികേടുകളാകാം. ചാപല്യങ്ങളാകാം. നാലാള്‍ അറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഓര്‍ത്ത് ഏതോ ഇരുട്ടു മുറികളില്‍ നമ്മള്‍ ലംഘിച്ച സദാചാര കല്‍പനകളാകാം. പൊതുസമുഹത്തില്‍ നമ്മള്‍ കൊണ്ടു നടക്കുന്ന കപടമുഖത്തിന്റെ മറുവശമാകാം. എപ്പോഴെങ്കിലും അതൊക്കെ ആരോടെങ്കിലും ഒന്നു തുറന്നു പറയുമ്പോഴല്ലേ നമ്മള്‍ സ്വയം നഗ്നതപ്പെടുകയുള്ളു. അങ്ങിനെ ഒരു കണ്ണാടിയ്ക്കു മുന്നില്‍, മുഖംമൂടികളില്ലാതെ പൂര്‍ണ നഗ്‌നനായി നില്‍ക്കുമ്പോഴല്ലെ നമ്മെ നമുക്കെങ്കിലും തിരിച്ചറിയാന്‍ സാധിക്കൂ.
അങ്ങിനെ പൂര്‍ണ നഗ്‌നനായി ഞാന്‍ എന്നെ നോക്കി നിന്ന കണ്ണാടിയായിരുന്നു അവള്‍. ലിന്‍ഡ. ദൂരെ ദൂരെ അങ്ങ് ഇംഗ്ലണ്ടിലാണ് അവള്‍. ഡെവോണ്‍ നഗരത്തിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ മേധാവി. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അവരുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ കണ്ടെത്തിക്കൊടുക്കുന്ന സ്ഥാപനമാണ് അത്.

ഓര്‍ക്കുട്ടും ട്വിറ്ററും ഫെയ്‌സ്ബുക്കും മൈ സ്‌പെയ്‌സും ബസ്സുമൊക്കെ അടങ്ങുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകളൊന്നും ആരംഭിച്ചിട്ടില്ലാത്ത ഒരു കാലത്താണ് ഇന്റര്‍നെറ്റിന്റെ അതിവിശാലമായ ലോകത്ത് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നത്. ഒരു ഗോസ്പല്‍ സൈറ്റിന്റെ ചാറ്റ് റൂമില്‍ അവളുണ്ടായിരുന്നു. ചാറ്റില്‍ വരുന്നവരെ വിശ്വസിക്കാനോ അടുപ്പിക്കാനോ കൊള്ളില്ല. ഒക്കെ വ്യാജന്മാരാകും. ആണ് പെണ്ണാകും. പെണ്ണ് ആണാകൂം. ആ ലോകത്ത് പിച്ച വെക്കാന്‍ തുടങ്ങിയ കൊച്ചു കുട്ടിയായിരുന്നു ഞാന്‍. എല്ലാവരേയും സംശയത്തോടെ മാത്രം കണ്ടു.

wanna fucking?
wanna my nude pix?
തുടങ്ങിയ ആക്രോശങ്ങള്‍ കണ്ട് ചാറ്റ് റൂമുകളുടെ വാതില്‍ക്കല്‍ ഞാന്‍ അന്താളിച്ചു നിന്നു. ഇതെന്തൊരു ലോകം? ഭരണിപ്പാട്ടിനെ വെല്ലുന്ന തെറികള്‍. ലൈംഗികതയല്ലാതെ അവിടെ വേറെ ഒന്നുമില്ല. ഒന്നു മിണ്ടി നോക്കണമെങ്കില്‍ മാന്യമായി സംസാരിക്കുന്ന ആരെയെങ്കിലുമൊന്ന് കാണേണ്ടേ? ചാറ്റ് റൂമുകളില്‍ കണ്ട ചില സ്ത്രീ നാമങ്ങള്‍ക്കു നേരെ ഹായ് പറയാന്‍ ശ്രമിച്ചെങ്കിലും തിരിച്ചു വന്ന സന്ദേശങ്ങള്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായി, അത് പെണ്‍ പേരില്‍ പ്രത്യക്ഷപ്പെട്ട ഏതോ ആണുങ്ങളാണെന്ന്. സൈന്‍ ഔട്ട് ചെയ്ത് രക്ഷപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. പുഴവക്കത്തോ ബസ് സ്റ്റോപ്പിലോ കാമ്പസിലോ ചെന്ന് പഞ്ചാരയടിക്കുന്നതിനേക്കാള്‍ (flirting)മധുരമുണ്ട് അവാസ്തവിക ലോകത്തെ ഈ പഞ്ചാരയ്ക്ക്. പക്ഷേ, പെണ്ണാണെന്ന് ഉറപ്പു വരുത്താന്‍ ഒരു മാര്‍ഗ്ഗമില്ല. ഉറപ്പാക്കാതെ എങ്ങിനെ ഫ്‌ളര്‍ട്ടിത്തുടങ്ങും?
ലിന്‍ഡ പക്ഷേ, തുടക്കത്തിലേ പറഞ്ഞു ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന്. മാന്യമായാണെങ്കില്‍ ഒരു സൗഹൃദമാകാം. ഞാന്‍ പറഞ്ഞു, പണ്ട് ഞങ്ങളെ അടിമകളാക്കി വെച്ച നാട്ടുകാരിയാണ് നീ. ആ നാട്ടില്‍ നിന്ന് ഒരാളെ സുഹൃത്തായി കിട്ടുന്നതാണ് എന്റെ സന്തോഷം.

ലിന്‍ഡ കടുത്ത വിശ്വാസിയാണ്. കാത്തലിക്. വായിക്കും. അപസര്‍പ്പക നോവലുകളോടാണ് താല്‍പര്യമെന്ന് തോന്നുന്നു. ഒരിയ്ക്കല്‍ അവള്‍  എനിക്ക് രണ്ട് പുസ്തകങ്ങള്‍ അയച്ചു തന്നു. സ്റ്റീവ് ബെറിയുടെ ദ ആംബര്‍ റൂമും ദ അലക്‌സാണ്ട്രിയാ ലിങ്കും. അതേ പുസ്തകങ്ങള്‍ അവളും വാങ്ങിയിരുന്നു. കൊരിയര്‍ കിട്ടിയ ദിവസം ഞാന്‍ അവള്‍ക്ക് മെയില്‍ അയച്ചു. അന്ന് ചാറ്റില്‍ വന്നപ്പോള്‍ അവള്‍ പറഞ്ഞു, നീ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍ പറയണം. നമുക്ക് ഒരുമിച്ച് വായിച്ചു തീര്‍ക്കാം. എന്നിട്ട് അതേക്കുറിച്ച് സംസാരിക്കാം. പക്ഷേ, ഇംഗ്ലീഷുകാരിയുടെ സ്പീഡില്‍ എനിയ്ക്ക് അത് വായിച്ചു തീര്‍ക്കാന്‍ പറ്റുമോ?

ലൈംഗിക കാര്യങ്ങള്‍ പറയരുതെന്ന് ലിന്‍ഡ ആദ്യം വാശിപിടിച്ചെങ്കിലും ഞങ്ങള്‍ പരസ്പരം പറയാത്തതൊന്നുമില്ല. അങ്ങിനെയാണ് ലിന്‍ഡ അവളുടേയും ഞാന്‍ എന്റേയും രഹസ്യങ്ങള്‍ പരസ്പരം പറയാന്‍ തുടങ്ങിയത്. കൗമാരത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇംഗ്ലണ്ടിലായാലും കേരളത്തിലായും ഒരുപോലെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കണ്ണാടിയ്ക്കു മുന്നില്‍ വളരുന്ന മുലകള്‍ നോക്കി ആനന്ദിച്ചുവെന്ന് അവള്‍ പറഞ്ഞപ്പോള്‍ മാധവിക്കുട്ടി എന്റെ കഥയില്‍ എഴുതിയ വരികള്‍ ഞാന്‍ ഓര്‍ത്തു. ആരുമില്ലാത്തപ്പോള്‍ ഉച്ചയ്ക്ക് ഞാന്‍ കുപ്പായമൂരി കണ്ണാടിയില്‍ കണ്ട എന്റെ ശരീരത്തെ പരിശോധിച്ചു നോക്കി, മുഴുത്തു വന്നിരുന്ന മാറിടം നോക്കിയപ്പോള്‍ പെട്ടെന്ന് ഒരു നിധി കണ്ടെത്തിയ ഒരാളുടെ ചാരിതാര്‍ഥ്യം എനിയക്ക് അനുഭവപ്പെട്ടുവെന്നാണ് മാധവിക്കുട്ടി എഴുതിയത്. പിന്നീട് അച്ഛനമ്മാമാരോടൊപ്പം ഒരവധിക്കാലം ചെലവഴിക്കാന്‍ നൂസീലാന്റിലോ മറ്റോ പോയപ്പോള്‍ അവിടുത്തെ കടപ്പുറത്തിരുന്ന് ഒരു ഓസ്‌ട്രേലിയക്കാരന്‍ പയ്യനാണത്രെ അവളുടെ മാറില്‍ ആദ്യം കൈവെച്ചത്. ആദ്യം ഒന്നു ഞെട്ടിയെങ്കിലും താന്‍ അത് ആസ്വദിച്ചുവെന്ന് ലിന്‍ഡ പറഞ്ഞു. മാറില്‍ ആദ്യം കൈവെച്ചവനെ കുറിച്ചും മാധവിക്കുട്ടി എഴുതിയിട്ടുണ്ട്.
അവാസ്തവികമായ ഒരു ലോകത്ത് ഇരുന്നു കൊണ്ടേ അങ്ങിനെ സമ്മതിച്ചു തരാന്‍ ലിന്‍ഡക്ക് കഴിയു. അവാസ്തവികമായ ഒരു ലോകത്ത് ഇരുന്നേ എനിയ്ക്ക് അത്തരം അനുഭവങ്ങളെ കുറിച്ച് ഉളുപ്പില്ലാതെ ചോദിയ്ക്കാന്‍ പറ്റൂ. ആദ്യത്തെ ചുംബനത്തെക്കുറിച്ചും ആദ്യത്തെ പുരുഷനെക്കുറിച്ചും കൗമാരത്തിലെ ലൈംഗികാനുഭവങ്ങളെക്കുറിച്ചും പീഡനശ്രമങ്ങളെക്കുറിച്ചും ഒക്കെ അവള്‍ പറഞ്ഞു. ഭാര്യയായാലും കാമുകിയായാലും ഒരു പെണ്‍കുട്ടിയോടും ഇത്തരം അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ പറ്റില്ല. ആരും സത്യം പറയുമെന്ന് വിചാരിക്കാനും പറ്റില്ല. ദൈവഭയമുള്ള ലിന്‍ഡ പക്ഷേ, അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എനിയ്ക്കുമുണ്ടായിരുന്നു അത്തരം രഹസ്യങ്ങള്‍. ആദ്യത്തെ ചുംബനം, ആദ്യത്തെ സ്പര്‍ശനം, ആദ്യത്തെ പെണ്ണ് അങ്ങിനെ പലതും. എല്ലാവരുടേയും ഏറ്റവും വലിയ രഹസ്യം ലൈംഗികതയുമായി ബന്ധപ്പെട്ടു തന്നെയാണല്ലോ. ഞരമ്പുകളെ ചുടുപിടിപ്പിക്കുന്ന ഒരു ലൈംഗിക ചര്‍ച്ചയായിരുന്നില്ല അത്. സ്ത്രീയുടെ ശരീരത്തെ ഞാനും പുരുഷന്റെ ശരീരത്തെ അവളും അറിയാന്‍ ശ്രമിക്കുകയായിരുന്നു. സത്രീയുടെ മനസ്സിനെ ഞാനും പുരുഷന്റ മനസ്സിനെ അവളും അറിയുകയായിരുന്നു. നഗ്‌ന നാരിയും നഗ്‌ന വാനരനും വായിക്കുമ്പോലെ. അതുകൊണ്ടാണ് ലിന്‍ഡ എന്നോട്  മുസ്‌ലിം പുരുഷന്മാരുടെ ചേലാകര്‍മത്തെക്കുറിച്ചു ചോദിച്ചത്.


ലിന്‍ഡയുടെ പല രഹസ്യങ്ങളും എനിയ്ക്കുമറിയാം. അന്നോളം ആരോടും പറയാത്ത രഹസ്യങ്ങളാണ് അവളും എന്നോട് പറഞ്ഞത്. ലിന്‍ഡയെ ഞാന്‍ കണ്ടിട്ടില്ല. ലിന്‍ഡ എന്നെയും കണ്ടിട്ടില്ല. ഇനി കാണുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. അവാസ്തവികമായ ഒരു ലോകം തന്ന സ്വാതന്ത്ര്യത്തിന്റെ അപ്പുറത്തുമിപ്പുറത്തും ഇരുന്നാണ് ഞങ്ങള്‍ മഹാ രഹസ്യങ്ങള്‍ കൈമാറിയത്. ടെക്സ്റ്റിലും വോയ്‌സിലും വീഡിയോയിലും ഞങ്ങള്‍ മണിക്കൂറുകളോളം ചാറ്റ് ചെയ്തു. ഞാന്‍ ഒറ്റയ്ക്കായി പോയ നിമിഷങ്ങളില്‍ ലിന്‍ഡ എനിയ്ക്കും ലിന്‍ഡ ഒറ്റയ്ക്കായി പോയ നിമിഷങ്ങളില്‍ ഞാന്‍ ലിന്‍ഡക്കും കൂട്ടായി. ഭക്ഷണം പാകം ചെയ്യുമ്പോള്‍ വെബ് ക്യാം അവള്‍ അടുക്കളയിലേക്ക് എടുത്തു. അവിടെ അവള്‍ പാകം ചെയ്യുന്ന ഹോട്ട് ഡോഗും ബര്‍ഗറും ഞാന്‍ ഇപ്പുറത്തിരുന്നു കണ്ടു. ഇന്ത്യന്‍ കറികള്‍ അവള്‍ക്ക് ഇഷ്ടമാണ്. നഗരത്തിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ പോയി അവള്‍ കഴിച്ച കറികളെ കുറിച്ച് പറയും ചിലപ്പോള്‍. അവള്‍ ദത്തെടുത്ത മക്കളെ ക്യാമറക്ക് മുന്നില്‍ കൊണ്ടു വന്ന് നിര്‍ത്തി എന്നെ കാണിച്ചു.

ലിന്‍ഡ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ഒന്നിച്ചു ജീവിയ്ക്കാന്‍ വയ്യെങ്കില്‍ പിരിഞ്ഞു പോകുന്നതില്‍ അവര്‍ക്ക് ഒരു വിഷമവുമില്ല. നമ്മളെ പോലെ ഇഷ്ടമില്ലാത്ത ബന്ധത്തില്‍ അള്ളിപ്പിടിച്ച് ആയുസ്സ് തീര്‍ക്കില്ല. ആദ്യ ബന്ധത്തില്‍ അവള്‍ക്ക് രണ്ട് മക്കളുണ്ട്. വല്ലപ്പോഴും ആ മക്കളും അമ്മയുടെ ചാറ്റ് ബോക്‌സില്‍ വന്ന് എന്നോട് വര്‍ത്തമാനം പറഞ്ഞു. മാറ്റും ക്ലെയറും എന്നെ അങ്കിള്‍ എന്നു വിളിച്ചു. ഇംഗ്ലീഷുകാരിപ്പെണ്ണുങ്ങളെല്ലാം ലൈംഗിക അരാജകത്വത്തില്‍ ജീവിയ്ക്കുന്നവരാണെന്ന് വിശ്വസിച്ച  ഒരു മലയാളി അസൂയക്കാരനാണ് ഞാന്‍. അത് അങ്ങിനെയല്ലെന്ന് ലിന്‍ഡ പറഞ്ഞു തന്നു. ഔട്ടിംഗും ഡേറ്റിംഗും ഒക്കെയുണ്ടാകും. ഒന്നിച്ചു ജീവിയ്ക്കാനുള്ള പുരുഷനെയോ സ്ത്രീയേയോ തെരഞ്ഞെടുക്കാന്‍. വിവാഹം കഴിച്ച് ഒന്നിച്ചു ജീവിയ്ക്കാന്‍ തുടങ്ങിയാല്‍ വേറെ പുരുഷനെ തേടി പോകില്ല. അത് വഞ്ചനയാണെന്ന് വിശ്വസിക്കുന്നവളാണ് ലിന്‍ഡ. അവിടുത്തെ സദാചാരവും അങ്ങിനെ തന്നെ. സ്വന്തം മക്കള്‍ പ്രായപൂര്‍ത്തിയായതോടെ അവരുടെ കാര്യം അവര്‍ നോക്കാന്‍ തുടങ്ങി. മാറ്റ് കാര്‍പന്ററായി. അതില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് അവന്‍ തുടര്‍ന്നു പഠിക്കുന്നത്. ക്ലെയര്‍ ഏതോ സ്ഥാപനത്തില്‍ പാര്‍ട് ടൈം ജോലിക്ക് ചേര്‍ന്നു. രണ്ടു പേരും താമസം വേറെയായപ്പോഴാണ് ലിന്‍ഡ മൂന്ന് കുട്ടികളെ ദത്തെടുത്തത്. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളും. അവരുടെ ചെലവുകളും സംരക്ഷണവും ലിന്‍ഡയുടെ കൈകളില്‍. ആ സമയത്ത് അവളോടൊപ്പം മൂന്നാമത്തെ ഭര്‍ത്താവുണ്ടായിരുന്നു. അയാളൊരു ദൂഷ്ടനായിരുന്നു. രാത്രിയില്‍ അയാള്‍ ലിന്‍ഡയുടെ പത്ത് വയസ്സുകാരനായ ദത്തുപുത്രനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒരുങ്ങി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ലിന്‍ഡ ഭര്‍ത്താവിനെ ചവിട്ടിപ്പുറത്താക്കി. അയാള്‍ക്കെതിരെ പോലീസില്‍ കേസ് കൊടുത്തു. ദത്തുമക്കളെയോര്‍ത്ത് ഇനി വിവാഹം വേണ്ടെന്ന് ലിന്‍ഡ തീരുമാനിച്ചു.
ചാറ്റ് റൂമില്‍ വന്ന് അവള്‍ എന്നും സങ്കടങ്ങള്‍ പറഞ്ഞു. സന്തോഷങ്ങള്‍ പറഞ്ഞു. ഒരുതരം ഏകാന്ത അവളെ വല്ലാതെ പീഡിപ്പിച്ചിരുന്നു. തിരിച്ചു പറയാന്‍ എനിയ്ക്കുമുണ്ടായിരുന്നു സങ്കടങ്ങളും സന്തോഷങ്ങളും.

ഒരു ദിവസം അവളെ ഓണ്‍ലൈനില്‍ കണ്ടില്ലെങ്കില്‍ ഞാന്‍ വേവലാതിപ്പെട്ടു. എന്നെ കണ്ടില്ലെങ്കില്‍ അവളും. അന്ന് ഇന്‍ബോക്‌സില്‍ ഒരു മെയില്‍ വന്നു കിടക്കും. എന്തു പറ്റി? സുഖമല്ലേ? എന്ന രണ്ട് ചോദ്യങ്ങളായി ആ സ്‌നേഹം കടല്‍ കടന്നു വരും.
രണ്ട് വര്‍ഷം മുമ്പ് എനിയ്ക്ക് ലിന്‍ഡയെ നഷ്ടപ്പെട്ടു. ക്ലെയറിന്റെ വിവാഹത്തിന്റെ ക്ഷണക്കത്ത് എനിയ്ക്ക് അയച്ചു തന്നിരുന്നു. അവളുടെ വിവാഹ വസ്ത്രം ലിന്‍ഡ തന്നെയാണ് ഡിസൈന്‍ ചെയ്തത്. പല ഡിസൈനുകളുടെ മോഡലുകള്‍ എന്നെ കാണിച്ചിരുന്നു. വിവാഹ വസ്ത്രത്തില്‍ ക്ലെയറിന്റെ ഫോട്ടോ എടുത്ത് അയച്ചു തന്നിരുന്നു. ഇടക്ക് ഒരു ദിവസം ലിന്‍ഡയെ ഓണ്‍ലൈനില്‍ കണ്ടില്ല. സ്തനത്തിലൊരു മുഴ. അത് കുത്തിയെടുത്തു ബയോപ്‌സിക്ക് കൊടുത്തിരിക്കുകയായിരുന്നു. റിപ്പോര്‍ട്ടില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, പിന്നീട് എപ്പോഴോ ഓണ്‍ലൈനില്‍ നിന്ന് അവള്‍ അപ്രത്യക്ഷയായി. എന്റെ മെയിലുകള്‍ അവളുടെ ഇന്‍ബോക്‌സില്‍ നിറഞ്ഞു കിടക്കുന്നുണ്ടാകും. അവള്‍ക്ക് എന്തു പറ്റിയെന്ന് ഒരു ഊഹവുമില്ല. ലിന്‍ഡ, ഐ മിസ് യു എ ലോട്ട്.

പിന്നെയുമുണ്ട്, എനിയ്ക്ക് ഒരു പ്രണയത്തോളം സ്‌നേഹം തന്ന് എങ്ങോട്ടോ പോയി മറഞ്ഞവര്‍. അവരെ കാണാതെ ഞാന്‍ വല്ലാതെ വേദനിക്കുന്നു. അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാന്‍ നെറ്റ് വര്‍ക്കുകളില്‍ തപ്പിക്കൊണ്ടിരിക്കുന്നു. ഒരുപാട് വേദനകള്‍ പങ്കുവെച്ച തിരുവനന്തപുരത്തെ ഒരു വീട്ടമ്മ അവരിലൊരാളാണ്. ഓര്‍ക്കുട്ടിലെ അവരുടെ പ്രൊഫൈല്‍ പേജ് തന്നെ മായ്ച്ചു കളഞ്ഞാണ് അവര്‍ അപ്രത്യക്ഷയായത്. മ്യൂച്വല്‍ ഫ്രണ്ട്‌സിനോടൊക്കെ ചോദിച്ചു നോക്കിയിട്ടും ആര്‍ക്കും ഒരു പിടിയുമില്ല. വിദ്യാഭ്യാസവും നല്ല വായനയും ചിന്തയുമൊക്കെയുണ്ടായിരുന്നിട്ടും അടുക്കളക്കകത്ത് തളയ്ക്കപ്പെട്ട അവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പുതിയ ലോകം കണ്ടെത്തുകയായിരുന്നു. വേദനകള്‍ പറഞ്ഞ് എന്റെ ഉറക്കം കളഞ്ഞ സുഹൃത്തുക്കളും ഒരുപാടുണ്ട്. ബന്ധം സജീവമായിരുന്ന കാലത്ത് പലരുടേയും ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിച്ചിട്ടുണ്ട്. ഒരുപാട് മ്യൂച്വല്‍ ഫ്രണ്ട്‌സുള്ളതു കൊണ്ട് കഥാ സന്ദര്‍ഭങ്ങളില്‍ നിന്ന് എന്റെ കുട്ടുകാരെ വായനക്കാര്‍ക്ക് പിടികിട്ടാനുള്ളതു കൊണ്ട് അക്കഥകളൊന്നും എഴുതാന്‍ വയ്യ.

ഫേസ് ബുക്കില്‍ നിന്ന് ഒരിയ്ക്കല്‍ ഒരുവളെ ഞാന്‍ പുറത്തിറക്കിക്കൊണ്ടു വന്നു. തൊട്ടിട്ടും തൊടാത്ത പോലെ തൊടാതിരുന്നിട്ടും തൊട്ടപോലെ ഏറെ നേരം അവള്‍ എന്നോടൊപ്പം കടപ്പുറത്തിരുന്നു. ചാറ്റുപെട്ടിയിലെ വാചാലത രണ്ടു പേര്‍ക്കുമില്ലായിരുന്നു. സൂര്യനെ കടല്‍ വിഴുങ്ങിയപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു. കടലുകള്‍ക്ക് അക്കരെ നീ ഇരുന്നപ്പോഴുണ്ടായിരുന്ന എന്തോ ഒന്ന് നീ എന്റെ തൊട്ടരികത്ത് ഇരിയ്ക്കുമ്പോള്‍ എനിയ്ക്കു കിട്ടുന്നില്ല. ഇതാ ഈ കരയില്‍ നങ്കൂരമിട്ടിരിക്കുന്ന ഏതെങ്കിലും വള്ളത്തില്‍ കയറി നീ അക്കരേയ്ക്ക് തുഴഞ്ഞു പോകൂ. അക്കരെ നിന്നു വരുന്ന ആ സ്‌നേഹം മതി എനിയ്ക്ക്. ഇക്കരെ നിന്ന് ഞാനും നിന്നെ സ്‌നേഹിക്കും.

വാസ്തവികകള്‍ക്കപ്പുറത്തുള്ള ആ ലോകങ്ങളില്‍ ഞങ്ങള്‍ ഇപ്പോഴും സ്‌നേഹിച്ചു കൊണ്ടിരിയ്ക്കുന്നു. അടുത്തിരിയ്ക്കുമ്പോള്‍ കിട്ടാത്താത്തതെന്തൊക്കൊയോ ആ വെര്‍ച്വല്‍ വേള്‍ഡില്‍ ഞങ്ങള്‍ പരസ്പരം അനുഭവിയ്ക്കുന്നു.





(ലിന്‍ഡ എന്നത് എന്റെ ഇംഗ്ലീഷ് കൂട്ടുകാരിയുടെ യഥാര്‍ഥ പേര് അല്ല. ഏതെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അവരെ ആരെങ്കിലും കണ്ടു പിടിക്കേണ്ടെന്ന് കരുതി പേര് മറച്ചു വെച്ചു എന്നു മാത്രം)



7 comments:

a.rahim said...

നന്നായി എഴുതി.
ഫെയ്‌സിന്റെ സൗഹൃദവും ക്രൂരതയും മാന്യതയും കപടതയും മാഹാത്മ്യവുമൊക്കെ എങ്ങിനെ എന്ത് എന്ന് അറിയപ്പെടുന്നതാണെങ്കിലും മനോഹരമായ വിവരണം കൊണ്ട് വീണ്ടും വായിച്ചു പോവുന്നു..............
സാദിഖ്...............

നീ മുന്നൂറാനല്ല ..................അറുനൂറാനാണ് മോനേ..........

ali said...

ഒരിക്കല്‍ കൂടി വായിച്ചു.
അവാസ്തവിക ലോകത്തിരുന്ന് സാദിക്കാന്റെ ലേഖനങ്ങള്‍ ഞാന്‍ ഇടക്കിടെ വായിക്കാറുണ്ട്.
അവയ്ക്ക് പലതിനും എന്റെ ജീവിതാനുഭവങ്ങളിലെ സാമ്യതകള്‍ കണ്ടെത്തി.
അതുകൊണ്ടാകാം.അവ പ്രിയങ്കരമായി വീണ്ടും വീണ്ടും വായിക്കുന്നത്.
ഒരു അഭ്യര്‍ത്ഥനയുണ്ട്.
ഗള്‍ഫിലായിരുന്നപ്പോള്‍ താങ്ക്ള്‍ ബ്ലോഗില്‍ എഴുത്ത് സജീവമായിരിന്നു.
ഇപ്പോള്‍ ബ്ലോഗില്‍ കാണുന്നില്ല.

എല്ലാ ആഴ്ചയും വാരികകള്‍ വാങ്ങാന്‍ സാധിക്കില്ലല്ലോ....
പത്ര സ്ഥാപനങ്ങള്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ പഴയതായാലും അവ ഇവിടെ ബ്ലോഗില്‍ ഒന്ന് പോസ്റ്റ് ചെയ്തൂടെ...
വായിക്കാന്‍ ഇവിടെ കാത്തിരിക്കുന്നവരുണ്ട്...

നിരക്ഷരൻ said...

ഇത്രേം ഇടപെടലുകൾ നടത്താനുള്ള ധൈര്യം സമ്മതിച്ച് തന്നിരിക്കുന്നു. എന്തായാലും നല്ല കുറേ അനുഭവങ്ങൾ കിട്ടിയല്ലോ ? അതിലാണ് കാര്യം.

smitha adharsh said...

Ithu vayichirunnu tto..
Nannayirikkunnu..

ഗൗരിനാഥന്‍ said...

എന്നത്തേയും പോലെ മുന്നൂറാന്‍ നിങ്ങള്‍ നന്നായി എഴുതി...മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന തരത്തില്‍ എഴുതി...ബ്ലോഗ്ഗിലൂടെ വന്നു കൂട്ടായ നമ്മുടെ കൂട്ടുകെട്ടും ഇത്തരമൊരു ഉദാഹരണം തന്നെ അല്ലേ...നന്നായി..വിണ്ടും എഴുതു, ദൂരെ മാതൃഭൂമിയും മലയാളവും കിട്ടാത്ത ഇടങ്ങളിലുള്ളവര്‍ക്കു ഈ വെര്‍ച്വല്‍ മലയാളവായന തന്നെ രക്ഷ...

Basheer Vallikkunnu said...

വർഷത്തിൽ ഒരു പോസ്റ്റെന്ന പതിവ് മാറ്റി ബ്ലോഗിൽ സ്ഥിരമായി എഴുതൂ സാദിഖ് ഭായ്..

രമേശ്‌ അരൂര്‍ said...

വായന അനുഗ്രഹമായി